തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധിയിൽ വാദം നാളെ കേൾക്കും. തുടർന്ന് വിധി പറയും.
കൊലപാതകം നടന്ന് 8 വർഷത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് വിചാരണ ആരംഭിച്ചത്. കേദൽ അച്ഛൻ രാജാ തങ്കം, അമ്മ ജീൻ പന്മ, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഏറ്റവും പ്രധാനപ്പെട്ട മേഖലയായ നന്ദൻകോടിലായിരുന്നു സംഭവം ഉണ്ടായത്. 2017 ഏപ്രിൽ 9 നാണ് കൂട്ടക്കൊലപാതകം പുറത്തറിയുന്നത്. ഏപ്രിൽ 5, 6 തീയതികളിലായിരുന്നു കൊലപാതകം. വീട്ടിനുള്ളിലിട്ട് തീ കൊളുത്തിയ രീതിയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ആസ്ട്രൽ പ്രൊജക്ഷന് വേണ്ടിയായിരുന്നു കൊലപാതകം എന്ന കേദലിൻ്റെ വെളിപ്പെടുത്തൽ വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്.
കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയ കേദലിനെ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേദൽ മാനസിക പ്രശ്നം അനുഭവിക്കുന്ന വ്യക്തിയാണ് എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പൂജപ്പുര ജയിലിലാണ് കേദൽ നിലവിൽ ഉള്ളത്