അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അങ്കമാലി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റോസ്‌ലി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിയതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിന് പിന്നാലെ റോസ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
റോസ്ലിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അമ്മൂമ്മയാണ് കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും പൊലീസ് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. റോസ്‌ലിക്കെതിരായ തെളിവുകൾ ശേഖരിച്ചതിന് ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.റോസ്ലി മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണ്. ഇതിനുള്ള മരുന്നും സ്ഥിരമായി കഴിച്ചിരുന്നു. എന്നാൽ കൊലയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്നും പൊലീസ് പരിശോധിക്കും. റോസ്‌ലിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം. കറുകുറ്റി സ്വദേശികളായ ആൻ്റണി-റൂത്ത് ദമ്പതികളുടെ മകളായ മറിയം സാറയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് കുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ മാതാവ് കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് കഴുത്തിൽ എങ്ങനെയോ കടിയേറ്റു എന്നായിരുന്നു മാതാപിതാക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ മുറിവ് പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി.കത്തിയോ ബ്ലഡോ മറ്റോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസിലാക്കിയ ഡോക്ടർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന സംശയമുദിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മൂമ്മയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top