അധ്യാപികയുടെ വീട്ടിൽ നിന്ന് ഒരു വർഷത്തിനിടെ കാണാതായത് 17 പവനും റാഡോ വാച്ചും; വീട്ടുജോലിക്കാരി പിടിയിൽ

മലപ്പുറം: പൊന്നാനിയിൽ റിട്ടയേഡ് അധ്യാപികയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. പൊന്നാനി പള്ളപ്രം സ്വദേശി അശ്വതിയെ (38) ആണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്‌തത്‌. പൊന്നാനി വിജയമാതാ കോൺവെന്റ്റ് സ്കൂളിന് സമീപം വയോധിക ദമ്പതികളായ മിലിട്ടറി ഉദ്യോഗസ്ഥനും റിട്ടയേർഡ് അധ്യാപികയും താമസിച്ചിരുന്ന വീട്ടിലാണ് കവർച്ച നടന്നത്. ഒരു വർഷത്തിനിടെ 17 പവൻ സ്വർണാഭരണങ്ങളും വിലയേറിയ മദ്യകുപ്പികളും റാഡോ വാച്ചും കളവ് പോയ കേസിലാണ് വീട്ടുജോലിക്കാരി പിടിയിലായത്.ഒരു വർഷം മുമ്പ് വീട്ടിൽ നിന്ന് ഏഴര പവൻ വിലവരുന്ന സ്വർണാഭരണം നഷ്ടമായിരുന്നു. ആശുപത്രിയിൽ ചികിത്സയ്ക്കായി പോയ സമയത്ത് സ്വർണാഭരണം നഷ്ടമായെന്നാണ് വീട്ടുകാർ കരുതിയത്. മാസങ്ങൾക്ക് ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണവും നഷ്‌ടമായതോടെയാണ് വീട്ടുജോലിക്കാരിയെപ്പറ്റി സംശയമുയർന്നത്. അശ്വതിയുടെ വീട് റെയ്‌ഡ് ചെയ്‌തപ്പോൾ മോഷണം പോയ മദ്യക്കുപ്പി കണ്ടെടുത്തു. ഇത് കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ തെളിവുകൾ വെച്ച് ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
മോഷ്ടിച്ച സ്വർണം പലപ്പോഴായി പണയം വെക്കുകയും വിൽക്കുകയും ചെയ്‌തായി അശ്വതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി മഞ്ചേരി വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പൊന്നാനി പൊലീസ് ഇൻസ്പെക്ടർ എസ് അഷ്റഫ്, എസ് ഐമാരായ സി വി ബിബിൻ, ആന്റോ ഫ്രാൻസിസ്, എ എസ് ഐ എലിസബത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, എസ് പ്രശാന്ത് കുമാർ, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top