’14കാരിയെ കയ്യുംകാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചു, ആളില്ലാ സ്ഥലമായതിനാൽ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി’

മലപ്പുറം: കരുവാരക്കുണ്ടിലെ പതിനാലുകാരിയുടെ കൊലപാതകം ക്രൂരമായ പീഡനത്തിന് ശേഷം. കുട്ടിയെ പീഡിപ്പിച്ചെന്ന് കസ്റ്റഡിയിലെടുത്ത 16കാരൻ മൊഴി നൽകി. ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കിയാണ് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയതെന്നും ആൺകുട്ടി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കരുവാരക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 16കാരൻ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു.
അതേസമയം കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടാകാമെന്ന് മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഒറ്റക്ക് ഒരാൾക്ക് ഇത് ചെയ്യാനാവില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വിജനമായ ഇടത്തേക്ക് സ്ഥല പരിചയമുള്ള ആളുകളുടെ സഹായം ഇല്ലാതെ എത്താനാവില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. 16കാരൻ നേരത്തെയും പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയുമായുള്ള ബന്ധം എതിർത്തതിനാണ് ഭീഷണിപ്പെടുത്തിയത്.പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം നടവഴി ഉള്ള സ്ഥലമല്ലെന്നും വിജനവഴിയാണെന്നും നാട്ടുകാരും പറഞ്ഞു. ജനസമ്പർക്കമില്ലാത്ത സ്ഥലമാണെന്നും നാട്ടുകാർ പറഞ്ഞു. ‘പെൺകുട്ടി പഠിക്കുന്നത് ഈ സ്ഥലത്ത് നിന്നും 10-20 കിലോമീറ്റർ അകലെയുള്ള സ്‌കൂളിലാണ്. ഒരു കിലോമീറ്റർ കഴിഞ്ഞാൽ മറ്റൊരു സ്‌കൂളുമുണ്ട്. ആൺകുട്ടിയുമായി തെളിവെടുപ്പ് എന്ന നിലയിലാണ് പൊലീസ് എത്തിയത്. കുട്ടിയോട് സംസാരിച്ചപ്പോൾ പൊലീസിന് കാര്യം മനസിലായിട്ടുണ്ടാകും. സാധാരണ കുടുംബമാണ്’, നാട്ടുകാരിൽ ഒരാൾ പറഞ്ഞു.
ആൺകുട്ടി പ്രശ്‌നക്കാരൻ ആണെന്ന തരത്തിലുള്ള അഭിപ്രായമൊന്നും ഇതുവരെ കേട്ടിട്ടില്ലെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു. അഞ്ചാം തീയ്യതി മുതൽ ആൺകുട്ടി ക്ലാസിൽ വന്നിട്ടില്ലെന്നും നാട്ടുകാരിൽ ഒരാൾ പറഞ്ഞു. പെൺകുട്ടി വളരെ ആക്ടീവായ, പഠിക്കുന്ന കുട്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു. പെൺകുട്ടി ഇന്നലെ ക്ലാസിൽ പോയില്ലെന്നും അവർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top