നവിമുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി ഏകദിനത്തിലെ കന്നി ലോകകപ്പ് കീരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. സെഞ്ചറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. രണ്ട് ഓൾറൗണ്ടർമാരാണ് കലാശപ്പോരിൽ ഇന്ത്യയുടെ നെടുംതൂണായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ദീപ്തി ശർമയും ഷെഫാലി വർമയും. അർധസെഞ്ചറി നേടിയ ഇരുവരും ബോളിങ്ങിൽ യഥാക്രമം അഞ്ചും രണ്ടും വിക്കറ്റ് വീഴ്ത്തി.ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ലോറ വോൾവാർട്ടിനെ 42-ാം ഓവറിൽ ദീപ്തി ശർമയുടെ പന്തിൽ അമൻജോത് കൗറാണ് കയ്യിലൊതുക്കിയത്. പല തവണ കയ്യിൽനിന്നു തെന്നിമാറിയ പന്ത് ഒടുവിൽ അമൻജോത് പിടിയിലാക്കുകയായിരുന്നു. ഇന്ത്യയുടെ വിന്നിങ് മൊമന്റ്! സെമി ഫൈനലിലും സെഞ്ചറയടിച്ച ലോറയുടെ തുടർച്ചയായ രണ്ടാം സെഞ്ചറിയായിരുന്നു ഇന്നത്തേത്.
ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ വനിതകൾ; ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് കിരീടം
